ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളിലെ പ്രതി; പി.ആര്‍ സുനുവിന് എതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡി.ജി.പി

ബലാത്സംഗമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബേപ്പൂര്‍ കോസ്റ്റന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു.

ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവില്‍ അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ എസ്എച്ചഒ സിആര്‍ സുനുവടക്കം പ്രതികളുടെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുകയാണ്.

എസ്എച്ച്ഒ പിആര്‍ സുനുവടക്കം പത്ത് പ്രതികള്‍ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടില്‍ ജോലിക്ക് നിന്ന വിജയ ലക്ഷ്മിയാണ്, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവന്‍, എസ്എച്ച്ഒ പി ആര്‍ സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.

ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികള്‍. എന്നാല്‍ ഇവരിലേക്ക് എത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.