കേരളം ഭരിക്കുന്നത് മനുഷ്യരാണോ?, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ എല്ലാം തകിടം മറിക്കുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദയാബായി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ എല്ലാം തകിടം മറിക്കുകയാണെന്ന് മനഃസാക്ഷിയില്ലാതെ അധികാര കസേരയിലിരിക്കുന്നവര്‍ അത് വിട്ടിറങ്ങുന്നതാണ് നല്ലത്. കേരളം ഭരിക്കുന്നത് മനുഷ്യരാണോ ദയാബായി ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ മാനദണ്ഡം ഒഴിവാക്കണം. അവര്‍ക്കായി പ്രത്യേകമായി ഒരു സംവിധാനം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ ആളല്ല എന്ന് പറഞ്ഞാണ് ദയാബായി പ്രസംഗിച്ച് തുടങ്ങിയത്.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് സമരം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവുമായി എത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും സമരസംഘാടക സമിതിയുമാണ് സമരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ വഞ്ചനക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന സമരം നടത്തിയത്.