അപകടകരമായ ട്രക്കിംഗ് നിരോധിച്ച ഉത്തരവ് ഭരണതത്വങ്ങളുടെ ലംഘനം: ഹരീഷ് വാസുദേവൻ

അപകടകരമായ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ട് ദുരന്തനിവാരണ നിയമത്തിനു കീഴിൽ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പല കാരണങ്ങളാൽ ശരിയായ ഉത്തരവല്ലെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആരുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാനുള്ള ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും അടിസ്ഥാന ഭരണതത്വങ്ങളുടെ ലംഘനമാണ് ഉത്തരവ് എന്ന് ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

അപകടകരമായ ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയർന്ന മലയിലേക്കുള്ള ട്രക്കിങ്ങ് എന്നിവ നിരോധിച്ചുകൊണ്ട് ദുരന്തനിവാരണ നിയമത്തിനു കീഴിൽ ഇട്ട ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടു. പല കാരണങ്ങളാൽ അത് ശരിയായ ഉത്തരവല്ല. ആരുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാനുള്ള ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും, അടിസ്ഥാന ഭരണതത്വങ്ങളുടെ ലംഘനമാണ് ഉത്തരവ്.

ഒന്ന്, അപകടമൊഴിവാക്കാൻ ട്രക്കിംഗ് നിരോധനമല്ല പരിഹാരം. റെഗുലേഷൻ കൊണ്ടുവരണം. മാർഗ്ഗരേഖ കൊണ്ടുവരണം. ജില്ലാ തലത്തിലല്ല, സ്റ്റേറ്റ് തലത്തിൽ വേണം അത്.

രണ്ട്, ദുരന്തനിവാരണ നിയമത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരമില്ല. ദുരന്തമല്ല, ദുരന്തത്തിന്റെ നിർവചനത്തിൽ വരികയുമില്ല. ഇത് മനുഷ്യർക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ്.

3.ഒരു ഉത്തരവിറക്കുമ്പോൾ വ്യക്തത വേണം. എവിടെ, എങ്ങനെയുള്ള നിരോധനമാണ് എന്നു വ്യക്തമായി പറയണം. അപകടകരമായ ട്രെക്കിങ്ങാണോ അല്ലയോ എന്ന് ആരു തീരുമാനിക്കും? ഉയരമുള്ള മല എന്നാൽ, എത്ര ഉയരമുള്ള മല? ഏത് മല? നടപ്പാക്കേണ്ട പൊലീസിനോ ഫോറസ്റ്റിനോ അനുസരിക്കേണ്ട പൗരനോ ഉത്തരവ് കണ്ടാൽ വല്ലതും മനസിലാകുമോ? Law must be specific. ഇതിൽ അതില്ല. മാത്രമല്ല, ട്രെക്കിങ് അനുവദിക്കുന്നതോ regulate ചെയ്യുന്നതോ ആയ ഒരു നിയമം ഇവിടില്ല. അതുകൊണ്ട് അനുമതിയുള്ള-ഇല്ലാത്ത എന്ന വേർതിരിവും യുക്തിസഹമല്ല.

ടൂറിസം, വനം, റവന്യു, സ്പോർട്ട്സ് വകുപ്പുകളെ ചേർത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന്, ഒരു മാർഗ്ഗരേഖ ഇറക്കണം. അതനുസരിച്ച്, മലകയറ്റം ഒക്കെ പ്രോത്സാഹിപ്പിക്കണം. ജൈവവൈവിധ്യ സംരക്ഷണം ആവശ്യമുള്ള പ്രദേശങ്ങൾ മാറ്റി നിർത്തണം.

എല്ലാ ഭാരവും ജില്ലാ കളക്ടർമാർക്ക് വിട്ടുകൊടുക്കരുത്.