ബംഗാൾ ഉൾക്കടലിൽ 'മിദ്‌ഹിലി' ചുഴലിക്കാറ്റ്; കേരളത്തിൽ 3 ദിവസം ഇടിമിന്നലോടു കൂടിയ മഴ

ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ‘മിദ്‌ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്.

Read more

കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.