അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതി; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ കേസെടുത്ത് പൊലീസ്, വിഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും

നദിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയിലാണ് നടപടി. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത പരാതി നൽകി. വീഡിയോയ്ക്ക് പിന്നാലെ ഉയർന്ന സൈബർ ആക്രമണത്തിന് പിന്നാലെയാണ് പരാതിയുമായി അതീജീവിത രംഗത്തെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പൊലീസിൽ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.

അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും. കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും ഉള്‍പ്പെടെ ചിലര്‍ മനപൂര്‍വം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ.

Read more