ഇടത് മുന്നണിയുടെ വാദം പൊളിയുന്നു, കാരാട്ട് ഫൈസല്‍ കുറ്റവാളി തന്നെ ;സ്വര്‍ണ്ണക്കടത്തിന് 38 ലക്ഷം രൂപ പിഴ

ജനജാഗ്രതാ യാത്രയില്‍ വിവാദമായ മിനികൂപ്പര്‍ ഉടമ ഫൈസലിന് മറ്റു കേസുകളൊന്നുമില്ലെന്ന ഇടത് മുന്നണിയുടെ വാദം പൊളിയുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു കേസില്‍ ഏഴാം പ്രതിയായ കാരാട്ട് ഫൈസലിന് 38 ലക്ഷം രൂപ പിഴ വിധിച്ചുകൊണ്ട് കസ്റ്റംസ് നടപടി. ഒളിവില്‍ കഴിയുന്ന കേസിലെ മറ്റൊരു പ്രതിയായ അബുലെയ്‌സിനും പിഴ വിധിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ നബീല്‍, ഷഹബാസ്, മുഹമ്മദ് അഷ്റഫ് എയര്‍ഹോസ്റ്റസുമാരായ റാഹില ചിരായി, ഹിറമോസ തുടങ്ങിയവര്‍ക്കും പിഴ വിധിച്ചു.

2013 നവംബര്‍ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യന്‍ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുല്‍ ലൈസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അഷ്റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നു 2014 മാര്‍ച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആര്‍ഐ പിടികൂടി.

Read more

സ്വര്‍ണക്കടത്തു കേസില്‍ കാരാട്ട് ഫൈസലിനേയും അബുലെയ്സിനേയും ന്യായീകരിച്ച് എംഎല്‍എമാരായ കാരാട്ട് റസാഖും പിടിഎ റഹീമും രംഗത്ത് വന്നത് ഇടത് മുന്നണിയെ വന്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന അബുലെയ്സിനൊപ്പം ഇവര്‍ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നതും ഏറെ വിവാദങ്ങള്‍ക്കിടം നല്‍കി. മിനിക്കൂപ്പര്‍ വിവാദത്തില്‍ നികുതി വെട്ടിപ്പിന് ആരോപിക്കപ്പെട്ടപ്പോള്‍ ഫൈസലിന് യാതൊരു കേസുകളുമുല്ലെന്ന വാദമാണ് ഇടതു നേതാക്കള്‍ ഉന്നയിച്ചിരുന്നത്.