ചരിത്രം എഴുതി കുസാറ്റ്; വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി; കേരളത്തില്‍ ആദ്യം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. കേരളത്തില്‍ ആദ്യമായാണിത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കും.

നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, ഇനി അപേക്ഷ മാത്രം നല്‍കിയാല്‍ മതി. വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

ആര്‍ത്തവ ദിവസങ്ങളില്‍ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അടുത്തിടെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്.