അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച; വി.കെ മധുവിന് എതിരെ അച്ചടക്ക നടപടി, ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.കെ മധുവിനെതിരെ അച്ചടക്ക നടപടി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തി. അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലുയർന്ന പരാതികളിന്മേൽ ആണ് മധുവിനെതിരെ നടപടി സ്വീകരിച്ചത്.  അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നം​ഗ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

വി കെ മധുവിൻ്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗ സമിതി അന്വേഷണം പൂർത്തിയാക്കിയത്. മധുവിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. അരുവിക്കരയിലെ സിപിഎം സ്ഥാനാർത്ഥി ജി. സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് കമ്മീഷനെ നിയോഗിച്ചത്. അരുവിക്കരയിൽ വി.കെ. മധു സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സ്റ്റീഫൻ സ്ഥാനാർത്ഥിയാകുകയായിരുന്നു. 5046 വോട്ടിനാണ് സ്റ്റീഫൻ കെ.എസ്.ശബരീനാഥനെ തോൽപിച്ചത്.

മണ്ഡലത്തിൽ എൽ‍ഡിഎഫ് വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടു നിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു.