ഏത് നിമിഷവും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാര്‍; പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവ്; എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

കേരള സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞത്. കേന്ദ്രമന്ത്രിമാരും ഗവര്‍ണറെ പോലെ കളവ് പറയുകയാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകള്‍ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്.

ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാമാണെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബിജെപി മാറി. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണ്.

എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്‌സാലോജിക് കേസുമായി ഹൈക്കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജ്ജിന് ബിജെപി ഭാരവാഹിത്വം നല്‍കിയതോടെ കേസിന് പിന്നില്‍ ആരാണെന്നതിന് കൂടുതല്‍ തെളിവ് വേണോ പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നില്‍. എക്‌സാലോജിക്ക് മൈനസ് പിണറായി വിജയന്‍ എന്നായാല്‍ പിന്നെ കേസുണ്ടാവില്ല.