സ്വര്‍ണക്കടത്ത് കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധം; കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം നേതാക്കളും; ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും അദേഹം പറഞ്ഞു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും മോദി പറഞ്ഞു.

കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത് തുറന്ന് കാട്ടണം. കേരളത്തില്‍ ബിജെപി വലിയ വിജയം നേടുമെന്നും കേരളത്തിലെ പ്രവര്‍ത്തകരോട് മോദി നടത്തിയ സംവാദത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. നീതി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.