എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ല, പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ട് : എം. എ. ബേബി

എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നതെന്നും ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തു പോകരുത്. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. കണക്കുകളിൽ വീഴ്ച്ച ഉണ്ടായാൽ പാർട്ടി നടപടി എടുക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെ കുറിച്ചുള്ള ആക്ഷേപം തെറ്റാണെന്നുമായിരുന്നു പ്രതികരണം.