സി.പി.എം സമ്മേളനം; ഫുട് പാത്തുകള്‍ കൈയേറിയതിന് എതിരെ ഹൈക്കോടതി

സമ്മേളനത്തിന്റെ ഭാഗമായി ഫുട് പാത്തുകള്‍ കൈയേറി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതില്‍ സിപിഎമ്മിനെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിരവധി തവണ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുകയാണ് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടി തോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി ഇതാണോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ കോടതിക്ക് മറുപടി നല്‍കി.

കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കോടതി കൊച്ചി കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ അതൃപ്തി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. സമ്മേളനത്തിന് ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്