കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വിസിൽ ബ്ലോവർമാരെ സംരക്ഷിക്കും എന്നതാണ് സിപിഐഎം നയമെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഐഎമ്മിന് എല്ലാ കാലത്തും ഇരട്ടത്താപ്പാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
എംഎൽഎ ഓഫീസിന് മുന്നിൽ കുറുവടികളുമായി നിന്ന സംഘമാണ് ആക്രമിച്ചത്. പിന്നിൽ നിന്നാണ് കുറുവടി സംഘം ആക്രമണം നടത്തിയത്. ഇവിടെ അഴിമതി ചൂണ്ടിക്കാട്ടിയ വിസിൽ ബ്ലോവറെ നടപടി എടുത്ത് പുറത്താക്കിയരിക്കുന്നു. അധികാര കരുത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പൊലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംരക്ഷിക്കുന്നയാളാണ് അഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയെന്നും എങ്ങനെ ആ കസേരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനാകുന്നുവെന്നും വിഡി സതീശൻ ചോദിച്ചു.
Read more
അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച വിഷയം വേറെ എവിടെയാണ് പറയേണ്ടതെന്ന് അദേഹം ചോദിച്ചു. പയ്യന്നൂർ അക്രമം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീതിന്യായ വ്യവസ്ഥകള്‍ സിപിഐഎം ക്രിമിനലുകള്‍ക്ക് ബാധകമല്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കാരെ പോലും ചോദ്യം ചെയ്താല്‍ കൊല്ലുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.







