സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; ഇഡിയും ലോക്‌സഭ തെരഞ്ഞെടുപ്പും ചര്‍ച്ചയില്‍

അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ചയാകുക.

കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം തീരുമാനിക്കും. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉള്‍പ്പടെ ഇഡി മുഖ്യമന്ത്രിയെ ലക്ഷ്യമിടുമ്പോള്‍ കരുതലോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം.

അതേസമയം, സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഞായറാഴ്ച ആരംഭിച്ച കോട്ടയം ജില്ലാ സമ്മേളനത്തിലാണ് സര്‍ക്കാരിനും സിപിഐഎം മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. സിപിഐഎം മന്ത്രിമാരില്‍ ചിലര്‍ ബൂര്‍ഷാ പാര്‍ട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. സില്‍വര്‍ ലൈന്‍ അധികാര ഹുങ്ക് ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐഎം സിപിഐയെ ഒതുക്കാന്‍ ശ്രമിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. അടൂരില്‍ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നു.

എല്‍ഡിഎഫ് യോഗത്തില്‍ കൂടിയാലോചന നടക്കുന്നില്ല. മന്ത്രി വീണാ ജോര്‍ജ്ജിനെ ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും കിട്ടുന്നില്ല. ആരോഗ്യ വകുപ്പ് മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ലെന്നുമായിരുന്നു പ്രധാനമായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍.