സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച ആള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു മരണം.  ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.

മുംബൈയില്‍ നിന്നെത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളാവാകുകയായിരുന്നു. ഇദ്ദേഹം ജൂണ്‍ 27-നാണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുളള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുംബൈയില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ തന്നെ ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടി ആദ്യം എത്തിയത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തി ഒരു മണിക്കൂറിനകം ഇദ്ദേഹം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍ നിന്ന് എത്തിയത് കൊണ്ട് സ്രവപരിശോധനാ ഫലത്തിന് കാത്തുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുളള ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലത്തിനായി കൂടി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.