'കോവിഡ് പ്രതിസന്ധി ബിസിനസിൽ നഷ്‌ടമുണ്ടാക്കി, ഇത് വരുമാനം കുറയാൻ കാരണമായി': രാജീവ് ചന്ദ്രശേഖർ

സ്വത്തുവിവരങ്ങളിലെ വൈരുധ്യത്തിൽ വിശദീകരണവുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കോവിഡ് പ്രതിസന്ധി കാരണം തനിക്ക് ബിസിനസിൽ നഷ്‌ടമുണ്ടായെന്നും ഇതാണ് വരുമാനം കുറയാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് നേരത്തെ എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു.

തെറ്റായ വിവരങ്ങൾ നൽകിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫാണ് ആദ്യം രംഗത്തെത്തിയത്. ആദായനികുതി പരിധിയിൽ വരുന്ന വരുമാനം 680 രൂപ മാത്രമായിരുന്നു എന്നാണ് രാജീവ് ചന്ദ്രശേഖർ സത്യവാങ്‌മൂലത്തിൽ പറഞ്ഞത്. ഇത് കോൺഗ്രസ് പ്രചാരണവിഷയമാക്കിയതോടെയാണ് വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. വിഷയത്തിൽ കോൺഗ്രസിന് പുറമെ എൽഡിഎഫും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.

ജൂപീറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിച്ചിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വസ്തു‌തകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ അവനി ബൻസാൽ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖർ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബൻസാൽ അദ്ദേഹം വസ്തു നികുതി അടച്ചതിൻ്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് അവാനി ബൻസാൽ പരാതി നൽകിയിരുന്നു.

രാജീവ് ചന്ദ്രേശഖറിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ പിന്നീട് പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമെന്നറിയിച്ചു. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോർഡിന് കമ്മീഷൻ നിർദേശവും നൽകി.