ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതെ കോടതി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിന്‍ രാജ്, മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹീന്‍ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞദിവസം കോടതി വിശദമായ വാദംകേട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ പ്രധാനവാദം. ആക്രമിക്കപ്പെട്ട വാഹനം ഇ.ഡി.യുടെ ഔദ്യോഗിക വാഹനമല്ല. അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസില്‍ എത്തുന്നത് വരെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ തന്നെയാണ്. അതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കം നിലനില്‍ക്കും. മാത്രമല്ല, ഒരു വാഹനം വാടകയ്ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന്, പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്. കേസ് ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പിണറായി വിജയനും മകള്‍ വീണാ വിജയനും താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സിഎംആര്‍എല്‍-എക്സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി. റെയ്ഡ്. പരിശോധന കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുനിന്നിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് കാറുകളും തകര്‍ത്തു.

Read more

തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പ്രതികള്‍ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ആറ്റുകാല്‍ മുന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. ഇനിയും അറസ്റ്റുകള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നല്‍കാന്‍ ഡി ജി പിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.