മദ്യവില വര്‍ദ്ധനക്ക് പിന്നില്‍ അഴിമതി, മദ്യ ഉല്‍പാദകര്‍ക്ക് സിപിഎമ്മുമായി ധാരണ: രമേശ് ചെന്നിത്തല

മദ്യത്തിന് വില കൂട്ടിയതിനു പിന്നില്‍ അഴിമതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മദ്യ ഉല്‍പാദകര്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയതെന്നും തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ നീകുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്ക് ആണ്. ടിപി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല പറഞ്ഞു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരമാണ് പാല്‍ വില വര്‍ധനകൊണ്ട് ഉണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരം ഉണ്ടാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മദ്യത്തിന് പരമാവധി 5 രൂപ 10 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കും. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് മദ്യവിലകൂട്ടുന്നത്. മദ്യകമ്പനികള്‍ ബവറിജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടി വരെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് വരിക. ഈ നഷ്ടം നികത്താനാണ് മദ്യവിലകൂട്ടിയിരിക്കുന്നത്.