കെ സുധാകരന്റെ അനുയായിയും പിണറായിയുടെ എതിരാളിയുമായ സി. രഘുനാഥും സംവിധായകന്‍ മേജര്‍ രവിയും ബിജെപിയില്‍; കൂടുതല്‍ ആള്‍ക്കാര്‍ പിന്നാലെ വരുമെന്ന് സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവും സംവിധായകന്‍ മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം ഡല്‍ഹിയില്‍ എത്തിയാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഇരുവരും ദില്ലിയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ. പി നദ്ദയെ സന്ദര്‍ശിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരാവുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി. രഘുനാഥ്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി രഘുനാഥ് ഈ മാസം ആദ്യം കോണ്‍ഗ്രസ് വിട്ടിരുന്നു. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞവരൊക്കെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

1973-ല്‍ സുധാകരനൊപ്പം ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തനം ആരംഭിച്ച ആളാണ് താന്‍. കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാര്‍ട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.