കോണ്‍ഗ്രസിന് എക്കാലത്തും മൃദു ഹിന്ദുത്വ സമീപനം; ഉന്നതരായ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു; വിമര്‍ശിച്ച് മന്ത്രി

ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും മുകളിലാണോ മതവിശ്വാസമെന്ന് മന്ത്രി പി രാജീവ്. വര്‍ഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കാമോ. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് അഭികാമ്യമാണോ. എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഈ വിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നത്. ഇത് 2024ലെ ചോദ്യങ്ങളാണെന്ന് തോന്നിയെന്നു വരാം. എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വഴിതുറന്ന വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ലമെന്റില്‍ 1990ല്‍ വി പി സിങ് നടത്തിയ പ്രസംഗത്തിലാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. സര്‍ക്കാര്‍ തുടരുമോ എന്നതല്ല, ജനാധിപത്യം ഇന്ത്യയില്‍ തുടരുമോ എന്നതാണ് ചോദ്യമെന്നുകൂടി വി പി സിങ് കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് സാധാരണ ഗതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരമേ ഉണ്ടാകാന്‍ ഇടയുള്ളൂ. ബിജെപി മാത്രമാണ് ഇതില്‍നിന്ന് വ്യത്യസ്ത ആശയം പിന്തുടരുന്നുള്ളു. എന്നാല്‍, ബിജെപിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണഘടനയ്ക്കു മുകളില്‍ മതവിശ്വാസത്തെ സ്ഥാപിക്കുന്നതിനും ജനാധിപത്യത്തിന് മരണമണി മുഴക്കുന്നതിനും അവസരമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും കൂട്ടാളികളും 346 വോട്ട് നേടിയപ്പോള്‍ വി പി സിങ്ങും ഇടതുപക്ഷവും ചേരുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്ക് 142 വോട്ട് മാത്രമാണ് ലഭിച്ചത്. ബാബ്റി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയുന്നതിനായി നടത്തിയ രഥയാത്ര തടഞ്ഞാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാരത്തേക്കാള്‍ പ്രധാനം രാജ്യമാണെന്ന് വി പി സിങ് കരുതി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ഈ ഒറ്റക്കാരണത്താല്‍ ബിജെപി പിന്തുണ പിന്‍വലിച്ചു. 197 എംപിമാരുള്ള കോണ്‍ഗ്രസും 85 എംപിമാരുള്ള ബിജെപിയും ഒന്നിച്ച് വോട്ട് ചെയ്ത് വി പി സിങ്ങിനെ പുറത്താക്കി. വര്‍ഗീയതയ്ക്കൊപ്പമോ മതനിരപേക്ഷതയ്ക്ക് ഒപ്പമോ എന്ന ചോദ്യം ഉയര്‍ത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം, വര്‍ഗീയതയ്ക്കൊപ്പം നിലപാട് സ്വീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ കുതിപ്പിന് ഇടയാക്കിയത് ഈ അവിശുദ്ധ സഖ്യമാണ്. അതിനുമുമ്പും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം ഹിന്ദുത്വ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയിരുന്നു. ഭരണഘടന അസംബ്ലിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചകള്‍ കേട്ട് ഇവര്‍ ഹിന്ദുമഹാസഭയുടെ വക്താക്കളാണോയെന്ന് കോണ്‍ഗ്രസ് അംഗംതന്നെയായ ഫ്രാങ്ക് ആന്റണി ചോദിച്ചതും ചരിത്രത്തിന്റെ ഭാഗം. 1952ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഗ്രൂപ്പിന് പത്ത് എംപിമാരുണ്ടായിരുന്നു. ജനസംഘത്തിനും രാമരാജ്യ പരിഷത്തിനും മൂന്നുവീതവും ഹിന്ദുമഹാസഭയ്ക്ക് നാലും സീറ്റാണ് ലഭിച്ചത്. 1965ല്‍ ജനസംഘത്തിന് 35 എംപിമാരാണ് പാര്‍ലമെന്റിലുണ്ടായിരുന്നത്. 1967ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് 98 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 32.2 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ജനസംഘത്തിന് 21. 67 ശതമാനം വോട്ട് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് ഹിന്ദുത്വയ്ക്ക് വളരാനുള്ള മണ്ണൊരുക്കിയത്. അതുകൊണ്ട്, 1984ല്‍ രണ്ട് സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി എന്ന നിഗമനത്തില്‍ ഹിന്ദുത്വയുടെ പാര്‍ലമെന്ററി ചരിത്രം അവതരിപ്പിക്കുന്നത് അബദ്ധമായിരിക്കും.

കമല്‍നാഥ് പറഞ്ഞതിന്റെചരിത്ര പശ്ചാത്തലം

ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാറും കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്ന നിരീക്ഷണവും പ്രസക്തം. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 85 സീറ്റ് ലഭിച്ചു. രണ്ടില്‍നിന്ന് 85ലേക്ക് ബിജെപി വളര്‍ന്നതിന് സാഹചര്യം ഒരുക്കിയതും കോണ്‍ഗ്രസാണ്. രാമക്ഷേത്രം സജീവരാഷ്ട്രീയ പ്രശ്‌നമാകാതിരുന്ന സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് 89ലെ തെരഞ്ഞെടുപ്പിന് ഈ വിഷയത്തെ സജീവമാക്കി. ഷബാനു കേസിന്റെ പശ്ചാത്തലത്തോടൊപ്പം ബോഫോഴ്‌സ് അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടലും പ്രധാന ലക്ഷ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തെ രാജീവ് ഗാന്ധി തെരഞ്ഞെടുത്തു. നേരത്തേ തയ്യാറാക്കിയ പ്രസംഗത്തില്‍നിന്ന് വ്യതിചലിച്ച് രാമരാജ്യം ലക്ഷ്യമായി പ്രഖ്യാപിച്ചു. നവംബര്‍ 10ന് അയോധ്യയില്‍ ശിലാന്യാസം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു ഈ പ്രഖ്യാപനം. ലോകവ്യാപകമായി പണം പിരിക്കുന്നതിനും ഇഷ്ടിക ശേഖരിക്കുന്നതിനും മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശിലാന്യാസം നടത്താനും അനുമതി നല്‍കി. തര്‍ക്കം നില്‍ക്കുന്ന സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടായിട്ടും അവിടെത്തന്നെ വിഎച്ച്പി ശിലാന്യാസം നടത്തി. ഇതിനായി രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങും യുപി മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയും വിഎച്ച്പിയുമായി ചര്‍ച്ച നടത്തി. ഒത്തുതീര്‍പ്പുണ്ടാക്കി. എല്ലാ രേഖകളുമുണ്ടായിട്ടും ആ സ്ഥലം തര്‍ക്കമുള്ള സ്ഥലത്തിന് പുറത്താണെന്നും കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി മുഖ്യമന്ത്രിയായ യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതാണ് അയോധ്യയിലെ ക്ഷേത്രത്തിന് ആദ്യം നന്ദി പറയേണ്ടത് രാജീവ് ഗാന്ധിക്കാണെന്ന് കമല്‍നാഥ് പറഞ്ഞതിന്റെ ചരിത്രപശ്ചാത്തലം.

പക്ഷേ, കോണ്‍ഗ്രസ് തുറന്നുവിട്ട രാമരാജ്യ മുദ്രാവാക്യം തുണച്ചത് ബിജെപിയെയാണ്. രണ്ടില്‍നിന്ന് 85ലേക്ക് പാര്‍ലമെന്റിലെ ബിജെപി അംഗസംഖ്യ ഉയര്‍ന്നതിനുള്ള പ്രധാന കാരണം ശിലാന്യാസത്തിന് നല്‍കിയ അനുമതിയും കോണ്‍ഗ്രസ് ഉയര്‍ത്തിയ രാമരാജ്യ മുദ്രാവാക്യവുമാണ്. മൃദു ഹിന്ദുത്വ നിലപാട് തീവ്രഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് 1989ലെ തെരഞ്ഞെടുപ്പ് ഫലം പഠിപ്പിച്ചു. വി പി സിങ് സര്‍ക്കാരിനെ ഇടതുപക്ഷത്തോടൊപ്പം പുറത്തുനിന്ന് പിന്തുണയ്ക്കുമ്പോള്‍ത്തന്നെ ബിജെപിക്ക് 85 സീറ്റുണ്ടായത് ഇങ്ങനെയാണെന്നത് ചരിത്രം. രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി വളര്‍ന്നത് വി പി സിങ്ങിനെ ഇടതുപക്ഷംകൂടി പുറത്തുനിന്ന് പിന്തുണച്ചതുകൊണ്ടാണെന്ന നുണചരിതം വസ്തുതകള്‍ക്ക് കടകവിരുദ്ധമാണെന്ന് ചുരുക്കം.

വര്‍ഗീയ രാഷ്ട്രീയത്തിന്ഇന്ധനം പകര്‍ന്നു

അദ്വാനിയുടെ രഥയാത്രയെ ലാലു പ്രസാദ് യാദവ് തടഞ്ഞതിനെതിരെ ബിജെപിക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ്, അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വീണ്ടും ഇന്ധനം പകര്‍ന്നു. അത് പിന്നീട് ആളിക്കത്തിക്കാന്‍ അവസരമൊരുക്കിയത് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. ബാബ്റി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ ഏതറ്റംവരെയും പോകുന്നതിന് സര്‍ക്കാരിന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ പരിപൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍, ബാബ്റി പള്ളി തകര്‍ത്ത് തരിപ്പണമാക്കുന്നതിന് കുറ്റകരമായ നിസ്സംഗതയിലൂടെ കോണ്‍ഗ്രസ് നേതാവായ നരസിംഹറാവു പിന്തുണ നല്‍കി. അവസാന മിനാരവും തകര്‍ത്തുകളയുന്നതുവരെ കേന്ദ്രസേന ബാരക്കില്‍ അനങ്ങാതിരുന്നു. ആ മാപ്പര്‍ഹിക്കാത്ത തെറ്റിനുള്ള അംഗീകാരംകൂടിയാണ് ഇപ്പോള്‍ നരസിംഹ റാവുവിന് നല്‍കിയ ഭാരതരത്‌നം.

2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം 2004ല്‍ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ശരിയായ രൂപത്തില്‍ അന്വേഷണം നടത്തി സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല. കോണ്‍ഗ്രസ് എംപിയായിരുന്ന ഇസ്ഹാന്‍ ജഫ്രിയുടെ ദാരുണ കൊലപാതകത്തില്‍പ്പോലും മാപ്പര്‍ഹിക്കാത്ത ഉദാസീനത കോണ്‍ഗ്രസ് കാണിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് പൊതു സ്വീകാര്യത നല്‍കാന്‍ ഈ നിലപാട് സഹായകരമായി.

കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ച ഈ മൃദു ഹിന്ദുത്വ സമീപനമാണ് ഉന്നതരായ നേതാക്കള്‍ക്കുപോലും ബിജെപിയിലേക്ക് കൂറുമാറാന്‍ തെല്ലും മടിയില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. 2014ല്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയ സാഹചര്യവും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ സൃഷ്ടിച്ചതാണ്. ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള നിര്‍ണായക പോരാട്ടത്തില്‍ ഈ തിരിച്ചറിവുകളും പ്രധാനമാണെന്നും അദേഹം പറഞ്ഞു.