സുധാകരനും, സതീശനും രണ്ടു വഴിയേ, കോണ്‍ഗ്രസില്‍ ഇനി പടപ്പുറപ്പാടിന്റെ നാളുകള്‍

കെ പി സി സി പ്രസിഡന്റ് കെ സുധാകരനും, നിയമസഭാ കക്ഷി നേതാവ് വി ഡി സതീശനും ഗ്രൂപ്പ് യോഗത്തിന്റെ പേരില്‍ തമ്മില്‍ തെറ്റിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് തട്ടിക്കൂട്ടിയ ഗ്രൂപ്പില്ലാ സമവായം പൊളിഞ്ഞുപാളീസായി. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന രണ്ട് നേതാക്കളും രണ്ട് വഴിയ്ക്കായി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെ സുധാകരന്റെ കര്‍ശന ഇടപടലോടെ നടക്കാതെ പോയതും ഐ വിഭാഗത്തിന്റെ മൊത്തം നേതാവാകാന്‍ സതീശന്‍ നടത്തിയ ശ്രമം പാളിപ്പോയതുമാണ് പുതിയ ഭിന്നതകള്‍ സൃഷ്ടിച്ചത്. സുധാകരനും സതീശനും സ്ഥാനമേറ്റെടുത്ത ആദ്യമാസങ്ങളില്‍ ഒരേ മനസ്സായാണ് നീങ്ങിയത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മൂലയ്ക്കിരുത്താന്‍ ഇവര്‍ ഒരുമിച്ചാണ് നീങ്ങിയതും.

എന്നാല്‍ പീന്നീട് ചിത്രം മാറുകയായിരുന്നു. രമേശ് ചെന്നിത്തലയുമായി കൈകോര്‍ത്ത് നീങ്ങാന്‍ സുധാകരന്‍ തിരുമാനിച്ചതോടെ സതീശന്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. ലോകായുക്താ ഓര്‍ഡിനന്‍സിനെതിരെ സഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത് തന്നോട് ആലോചിക്കാതെയാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ കെ പി സി സി നേതൃത്വം ഹൈക്കമാന്‍ഡില്‍ പരാതി നല്‍കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുധാകരനാകട്ടെ രമേശ് പറഞ്ഞതില്‍ തെറ്റില്ലെന്നും കെ പി സി സി നേതൃത്വം രമേശിനെതിരെ പരാതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇവര്‍ തമ്മിലുളള അഭിപ്രായവ്യത്യാസം കൂടുതല്‍ തീവ്രമായി.

സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് എ ഐ വിഭാഗങ്ങള്‍ കടുംപിടുത്തം പിടിക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വേണ്ട സമവായത്തിലൂടെ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. അഥവാ മത്സരിക്കുകയാണെങ്കില്‍ എ ഐ വിഭാഗങ്ങളുടെ പിന്തുണ ലഭിക്കണമെന്നും സുധാകരന്‍ ആഗ്രഹിക്കുന്നു. സതീശനാകട്ടെ സ്വന്തമായി ഒരു ഗ്രൂപ്പിനെ സൃഷ്ടിച്ച് പിടിച്ച് നില്‍ക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ള ഗ്രൂപ്പ് സംവിധാനത്തെ പൊളിച്ചാല്‍ മാത്രമേ സതീശന്റെ ആഗ്രഹം നടക്കുകയുള്ളു. അതിന് രമേശും ഉമ്മന്‍ചാണ്ടിയും അനുവദിക്കില്ല. നിലവിലുള്ള ഗ്രൂപ്പ് സംവിധാനം തകര്‍ക്കുന്നതിനോട് സുധാകരനും താത്പര്യമില്ല. അത് കൊണ്ടുള്ള പ്രയോജനം സതീശന് മാത്രമായിരിക്കുമെന്നാണ് സുധാകരന്‍ കരുതുന്നത്. സതീശന്റെ ഈ നീക്കത്തോടുള്ള ഏതിര്‍പ്പ് സുധാകരന്‍ ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ സി വേണുഗോപാലിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലും സതീശന്റെ ഈ നീക്കത്തെ എതിര്‍ക്കുകയാണ്. കേരളത്തില്‍ പുതിയ ഒരു ഗ്രൂപ്പുണ്ടാകാന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുമില്ല. ഉമ്മന്‍ചാണ്ടിയെയും രമേശിനെയും അനുനയിപ്പിച്ച് കൊണ്ട് പോകണമെന്നണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. എന്നാല്‍ സതീശന്‍ ആകട്ടെ ഇവരെ രണ്ട് പേരെയും പ്രകോപിപ്പിക്കുകയാണെന്നും പരാതിയുണ്ട്.

കെ പി സി സി പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം എ ഐ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെങ്കിലെ പാര്‍ട്ടി മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുകയുള്ളു. സതീശന് അത്തരം ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. നിയമസഭയില്‍ അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ പാര്‍ട്ടി കൊണ്ടുപോകേണ്ടത് സുധാകരന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സതീശന്‍ പുതിയ ഗ്രൂപ്പുണ്ടാക്കുകയും അത് പച്ച പിടിക്കുകയും ചെയ്താല്‍ സുധാകരന് അത് വലിയസമ്മര്‍ദ്ദമാണ് സൃഷ്ടിക്കുക. അത് കൊണ്ട് തന്നെ സതീശന്റെ ഈ നീക്കത്തെ എന്ത് വില കൊടുത്തും എതിര്‍ക്കുക എന്നതാണ് സുധാകരന്റെ ലക്ഷ്യം.

Read more

കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസില്‍ സതീശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് കെ പി സി സി സംഘടനാ ജനറല്‍ സെക്രട്ടറി  യു രാധാകൃഷ്ണനെ അയച്ച് അതിനെ തടഞ്ഞ സുധാകരന്‍ സതീശന് വലിയൊരു മുന്നറിയിപ്പാണ് നല്‍കിയത്. ഇതാദ്യമായാണ് കെ പി സി സി പ്രസിഡന്റ് നിയമസഭാ കക്ഷി നേതാവിന് ഗ്രൂപ്പ് കളിയുടെ പേരില്‍ കനത്ത താക്കീത് നല്‍കുന്നത്. ഇതോടെ കോണ്‍ഗ്രസില്‍ കുറഞ്ഞ കാലത്തെ ശാന്തതയ്ക്ക് ശേഷം വിഭാഗീയത ആളിക്കത്താന്‍ തുടങ്ങിയിരിക്കുകയാണ്.