തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും മുന്നേ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്. കെ.മുരളീധരന്റെയും വി.എസ്.ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനാണ് മേയര്‍ സ്ഥാനാര്‍ഥി. 10ല്‍ നിന്ന് 51 ആക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കെ മുരളീധരന്‍ പറഞ്ഞു.
കെ.എസ്. ശബരീനാഥനെ മുന്നില്‍ നിര്‍ത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ ഇളമുറക്കാരും സ്ഥാനം പിടിച്ചു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷാണ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍. ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കുമ്പോള്‍ വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡില്‍ മത്സരിക്കും. 24 വയസ്സുകാരിയായ വൈഷ്ണ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡിലാണ് ഇറങ്ങുക. 48 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസിന് വലിയ പ്രധാന്യമുള്ള കാര്യമാണെന്നും നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഇതിന്റെ പരിധിയില്‍ വരുന്നുണ്ടെന്നും കെ എസ് ശബരിനാഥനെ മത്സരപ്പിക്കുന്നതിന് പിന്നിലെ കാരണമായി കെ മുരളീധരന്‍ പറഞ്ഞു.
Read more
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് കോര്‍പ്പറേഷനിലെ വിജയം ആക്കംകൂട്ടുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 2020-ല്‍ യുഡിഎഫിന് 10 സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. 51 സീറ്റ് പിടിച്ച എല്‍ഡിഎഫാണ് നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 34 സീറ്റുള്ള എന്‍ഡിഎയാണ് പ്രതിപക്ഷം. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ഈ സാഹചര്യത്തിലാണ് 10ല്‍ നിന്ന് 51 ആക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കെ മുരളീധരന്‍ പറഞ്ഞത്. കെ.മുരളീധരനാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ചുമതല പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അദ്ദേഹം നയിക്കുന്ന വാഹചനപ്രചാരണ ജാഥ തിങ്കളാഴ്ച ആരംഭിക്കം. തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ബിജെപി അപ്രമാദിത്വം അവസാനിപ്പിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ശബരിനാഥന്‍ ഉള്‍പ്പടെയുള്ളവര്‍ തദ്ദേശത്തിരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്.







