ഉമ്മന്‍ ചാണ്ടിയെ കുടുംബം 'ബന്ധിയാക്കി'; തുടര്‍ചികിത്സ വൈകിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും

മ്മന്‍ ചാണ്ടിയുടെ തുടര്‍ചികിത്സ കുടുംബം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആശങ്ക പങ്കുവെച്ച് സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയില്‍ത്തന്നെ അടിയന്തരമായി തുടര്‍ചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സക്കായി ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങളാല്‍ തീയതി നീണ്ടു. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു.

ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാല്‍, തുടര്‍ചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്. ഇപ്പോള്‍ ജഗതിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അദേഹം നല്ല ക്ഷീണിതനായിരുന്നു. അദേഹത്തെ ഉടന്‍ ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്ക് വിധേയനാക്കണമെന്ന് സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.