എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി ശ്രീജിത്ത് ചില മാധ്യമ പ്രവര്‍ത്തകരെയും ഉന്നതരെയും കൂട്ട് പിടിച്ച് ശ്രമിക്കുന്നതായാണ് പരാതി. എഡിജിപി ശ്രീജിത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്‍ ഇടവനയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനത്തിലെ ചട്ടലംഘനത്തില്‍ എഡിജിപി എസ് ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഈ മാസം ആദ്യമാണ് ഉത്തരവിട്ടത്. ശ്രീജിത്തിന്റെ വിദേശയാത്രയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലെ അഴിമതിയും സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു് ഉത്തരവ്. അബുദാബിയില്‍ സ്വകാര്യ ആയുര്‍വേദിക് സെന്ററിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായി എഡിജിപി പങ്കെടുത്തതില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എഡിജിപിയുടെ ചട്ടലംഘനം സംബന്ധിച്ച വാര്‍ത്ത ബ്രേക്ക് ചെയ്തത് സൗത്ത്‌ലൈവാണ്. പിന്നീട് ശ്രീജിത്ത് ഐപിഎസ് ഓപ്പറേഷന്‍ മേധാവിയായ സൈബര്‍ പൊലീസില്‍ നിന്ന് വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ സൗത്ത്‌ലൈവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സൗത്ത് ലൈവ് ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ഉണ്ടായത്.

എഡിജിപി ശ്രീജിത്ത് അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതും, ട്രാന്‍സ് പോര്‍ട്ട് വകുപ്പില്‍ കമ്മീഷണറായിരിക്കെ നടത്തിയ വഴിവിട്ട നടപടികളിലും മറ്റും അന്വേഷണം ആവശ്യപ്പെട്ട് ദിപന്‍ ഇടവന നല്‍കിയ ഹര്‍ജിയിലാണ് എഡിജിപിയ്‌ക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ കൂടി വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഉന്നതതല അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോടാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

ഈ അന്വേഷണമാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നത്. 19- 04-2026ന് ബിഗ് ടിവിയില്‍ നല്‍കിയ എഡിജിപി ശ്രീജിത്തിന്റെ അഭിമുഖവും, അതിന് തൊട്ടു മുന്‍പ് ബീഗ് ടി വി നല്‍കിയ വാര്‍ത്തയും കോടതി ഉത്തരവിന് എതിരായിട്ടുള്ളതും, കോടതിയലക്ഷ്യ നടപടി വിളിച്ചു വരുത്തുന്നതുമാണ് എന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്‍ ഇടവന ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

‘എഡിജിപി ശ്രീജിത്ത് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തി എന്ന ആരോപണവും, പൊലീസ് യൂണിഫോമില്‍ സ്വകാര്യ ആയുര്‍വേദ സെന്റിറിന്റെ ഉദ്ഘാടനം നടത്തി എന്ന ആരോപണവും പൊളിഞ്ഞു ‘ എന്ന് ബിഗ് ടിവി വാര്‍ത്ത പുറത്ത് വിട്ടു. പിന്നാലെ വാര്‍ത്തയ്ക്ക് നന്ദി പറഞ്ഞ് ചാനലില്‍ സംസാരിച്ച എഡിജിപി ശ്രീജിത്ത്, താന്‍ നിയമാനുസൃതം മാത്രം ചെയ്ത പ്രവര്‍ത്തിയാണ് ആ യാത്രയെന്നും, ചാനല്‍ അവതാരകയും ബിഗ് ടീവി ചീഫ് എഡിറ്ററുമായ സുജയ പാര്‍വതിയോട് പറഞ്ഞിരുന്നു.

എഡിജിപി ശ്രീജിത്ത് ഐ.പി.എസിന്റെ വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതിയുണ്ട് എന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് ചീഫിന് അയച്ച കത്തും ഈ പ്രതികരണത്തിന് തൊട്ട് മുന്‍പ് ബിഗ് ടിവി പബ്ലിഷ് ചെയ്തിരുന്നു. എന്നാല്‍, ഹൈക്കോടതി മുന്‍പാകെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെകട്ടറിക്കും വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതായ ഒരു രേഖയും നല്‍കിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് ബദറുദീന്‍ ഉത്തരവിട്ടിരുന്നത്.

ഇതുസംബന്ധമായ ഹൈക്കോടതി ഉത്തരവും ഡിജിപിക്ക് നല്‍കിയ പരാതിക്കൊപ്പം ദിപിന്‍ നല്‍കിയിട്ടുണ്ട്. ബിഗ് ടിവി ചാനലില്‍ വന്ന റിപ്പോര്‍ട്ടും, അതിനെ അനുമോദിച്ച് എഡിജിപി ചാനലില്‍ പ്രതികരിച്ചതും കോടതി ഉത്തരവിനോടുള്ള അവഹേളനമാണ് എന്നാണ് ദിപിന്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ എടുത്ത് പറയുന്നത്. ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കോണ്‍ഫിഡന്‍ഷ്യലായ കത്ത് എങ്ങനെ ബിഗ് ടിവിക്ക് ലഭിച്ചു എന്നതും ഗൗരവമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും, പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായ എസ് ശ്രീജിത്ത് ഈ കത്ത് ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് യൂണിഫോമില്‍ അല്ല ഉദ്ഘാടനത്തില്‍ പങ്കെടുത്തത് എന്ന വാദം മുന്നോട്ട് വയ്ക്കുന്ന എഡിജിപി എസ് ശ്രീജിത്ത്, ചീഫ് ഗസ്റ്റായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നവ ആയുര്‍വേദിക് മെഡിക്കല്‍ സെന്ററിന്റെ ഔദ്യോഗിക ഇന്‍സ്റ്റ പേജില്‍ ഉള്‍പ്പെടെ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമ നടി ഇനിയക്ക് ഒപ്പവും, ഒറ്റയ്ക്കും എഡിജിപിയുടെ ഔദ്യോഗിക യൂണിഫോമില്‍ എസ് ശ്രീജിത്ത് നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഒരക്ഷരം പ്രതികരിക്കാത്തത് എന്താണ് എന്ന ചോദ്യവും ദിപിന്‍ ഉയര്‍ത്തുന്നു.

യഥാര്‍ത്ഥത്തില്‍ സെലിബ്രിറ്റി അല്ലാത്ത, കേരളത്തിലെ സീനിയര്‍ ഐ.പി. എസ് ഓഫീസറായ എസ് ശ്രീജിത്ത് എന്തിന് ഒരു സ്വകാര്യ ആയുര്‍വേദിക് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനത്തില്‍ വിദേശത്ത് പോയി പങ്കെടുത്തു ? അദ്ദേഹത്തിന്റെ യാത്രാ ടിക്കറ്റ് എടുത്തത് ആര് ? താമസിച്ച സ്ഥലം എവിടെ ? അതിന്റെ ബില്ല് കൊടുത്തത് ആര് ? വിദേശ യാത്രയില്‍ ആരെയൊക്കെ എഡിജിപി ശ്രീജിത്ത് കണ്ടു ? ഈ സ്ഥാപനവുമായി എന്താണ് എഡിജിപി ശ്രീജിത്തിന്റെ ബന്ധം ? ഇതെല്ലാം തന്നെ അന്വേഷണത്തിലൂടെ വെളിവാകാണ്ടേ കാര്യമാണെന്നും പരാതിക്കാരന്‍ പറയുന്നു.

മാര്‍ക്കറ്റിങിനായി വ്യാപകമായി എഡിജിപിയുടെ ഔദ്യോഗിക യൂണിഫോമില്‍ എസ് ശ്രീജിത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചതും ഗൗരവകരമായ കാര്യമാണ്. ഇത് കേവലം കച്ചവട താല്പര്യം മാത്രം മുന്‍ നിര്‍ത്തി നടത്തിയ പ്രചരണമാണ്. ഈ തെളിവുകള്‍ ഹൈക്കോടതി മുന്‍പാകെ ഹാജരാക്കിയിട്ടുള്ളതുമാണ്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന അബുദാബിയില്‍, ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിലെ എഡിജിപി റാങ്കിലുള്ള ഉദ്ദ്യോഗസ്ഥന്‍ ചീഫ് ഗസ്റ്റായി പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കൂടുക സ്വാഭാവികമാണ്. അതാണിവിടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്.

ഗവണ്‍മെന്റ് ഒഫിഷ്യല്‍സ് തന്റെ കൂടെ ചീഫ് ഗസ്റ്റായി പങ്കെടുക്കുന്നുണ്ട് എന്നാണ്, ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അബുദാബിയില്‍ എത്തിയ സിനിമാ താരം ഇനിയ നവ ആയുര്‍വേദയുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നത്. അങ്ങനെ പങ്കെടുക്കാന്‍ ഏത് സര്‍ക്കാരാണ് എഡിജിപി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയത് എന്നതും ഗൗരവമായ കാര്യമാണെന്ന് ദിപിന്‍ പരാതിയില്‍ പറയുന്നു.ഇതിനു പുറമെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ കമ്മീഷണറായിരിക്കെ എസ് ശ്രീജിത്ത് ഐ.പി.എസ് നടത്തിയ വഴിവിട്ട ഇടപെടലുകള്‍ മുതല്‍ ശബരിമലയിലെ പൊലിസിന് ബാംഗ്ലൂരിലെ ജ്വല്ലറി ഒരു ആംബുലന്‍സ് സ്‌പോണ്‍സര്‍ ചെയ്തതിന് പിന്നിലെ ഇടപെടലുകള്‍ വരെ അന്വേഷിക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിപിന്‍ ഇടവന ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഹര്‍ജിയിലാണ് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് ബഹു. ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരെയും, ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ട് പിടിച്ച് ഈ അന്വേഷണം അട്ടിമറിക്കാനും, തെറ്റായ പ്രചരണം നടത്താനുമാണ് എഡിജിപി ശ്രീജിത്ത് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ബിഗ് ടിവിയിലൂടെ അദ്ദേഹം നടത്തിയിരിക്കുന്ന ഇപ്പോഴത്തെ നീക്കമെന്നും ദിപിന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പരാതിക്കാരന്റെ നീക്കം. ഹൈകോടതി ഉത്തരവിന്‍ മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ദിപന്‍ ഇടവന പറഞ്ഞു.