'പിടികൂടിയപ്പോൾ കയ്യിൽ ടൂളുകൾ, ജയിൽ ചാടാനായി കുറച്ചു ദിവസങ്ങളായി ആസൂത്രണം'; പോലീസിനൊപ്പം ജനങ്ങളും ജാഗ്രത പുലർത്തിയെന്ന് കമ്മിഷണർ

ജയിൽ ചാടാനായി ഉപയോഗിച്ചെന്ന് കരുതുന്ന ടൂളുകൾ പിടികൂടിയപ്പോൾ ഗോവിന്ദച്ചാമിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻരാജ് ഐപിഎസ്. ജയിൽ ചാടാനായി ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആസൂത്രണം നടത്തിയതായി കമ്മിഷണർ പറഞ്ഞു. പോലീസിനൊപ്പം വളരെ കൃത്യമായി ജനങ്ങളും ജാഗ്രത പുലർത്തിയതാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. മൂന്ന് പേരാണ് വളരെ കൃത്യമായ വിവരം നൽകിയത്. അവരോടും ജനങ്ങളിലേക്ക് വിവരങ്ങളെത്തിച്ച മാധ്യമങ്ങളോടും നന്ദി പറയുന്നതായും കമ്മിഷണർ പറഞ്ഞു.

‘ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. അപ്പോൾ മുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനം പോലീസ് നടത്തി വരികയായിരുന്നു. സംസ്ഥാനത്തുടനീളം സമയബന്ധിതമായി വിവരം കൈമാറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രതയുണ്ടാക്കാൻ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും സഹായമുണ്ടായി.

4:15നും അഞ്ചു മണിക്കും ഇടയിലാണ് പ്രതി ജയിൽ ചാടിയതെന്നാണ് മനസ്സിലാക്കുന്നത്. അതിന് ശേഷം സസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിവരം ലഭിച്ച് മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടാനായി. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. അതിൽ ശരിയും തെറ്റുമുണ്ടായിരുന്നു. അതിൻ്റെ ഭാഗമായിട്ട് ലഭിച്ച വിവരമാണ് ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ പരിസരത്ത് ഇയാളെ കണ്ടെന്നായിരുന്നു വിവരം’.

Read more

തുടർന്ന് നടത്തിയ പരിശോധനയിലാണ് അവിടുത്തെ കിണറ്റിൽ നിന്ന് ഇയാളെ കണ്ടെത്തുന്നത് കമ്മിഷണർ പറഞ്ഞു. ജയിൽ ചാടിയതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് പോലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കൂടെയുണ്ടായിരുന്ന ആൾക്ക് മൊഴി നൽകാനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്’ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.