സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍; വാഹനങ്ങൾക്ക് അനുമതിയില്ല, അവശ്യസാധനങ്ങളുടെ കട തുറക്കാം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.

വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്ക് വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്കു പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.

കൊവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും. അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവർ ജില്ലാ ഭരണകൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ പാസ് വാങ്ങി മാത്രമേ യാത്ര ചെയ്യാകൂ. ലോക്ഡൌണ്‍ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണിന്‍റെ ഭാഗമായി ഭൂരിഭാഗം പെട്രോൾ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.