കൊച്ചിക്കാര്‍ക്ക് കഴിഞ്ഞ തവണ ഒരു അബദ്ധം പറ്റി, കോണ്‍ഗ്രസ് എന്ന ഫിക്‌സഡ് ഡിപ്പോസിറ്റ് ബിജെപി ഒന്നിച്ചു പിൻവലിക്കുമെന്നും മന്ത്രി പി രാജീവ്

കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി മനസായി കൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോണ്‍ഗ്രസ് എന്ന ഫിക്‌സഡ് ഡിപ്പോസിറ്റ് ഏത് നിമിഷവും വലിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ചിലപ്പോള്‍ അരുണാചലിലെ പോലെ ഒന്നിച്ച് വലിക്കുമെന്നും ചിലപ്പോള്‍ കുറച്ചു കുറച്ചായും ബിജെപി എടുക്കുമെന്നും സൗത്ത് ലൈവുമായുള്ള അഭിമുഖത്തിൽ പി രാജീവ് പറഞ്ഞു. ബിജെപി വിരുദ്ധ സര്‍ക്കാരിന് വിശ്വസിക്കാനാകുന്നത് ഇടതുപക്ഷത്തെയാണെന്നും പി രാജീവ് പറഞ്ഞു.

കേരളത്തില്‍ ബിജെപി കുറേ കൂടി തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള സന്ദര്‍ശനം കേരളത്തില്‍ ഇതിന് ആക്കം കൂട്ടും. ബിജെപിക്ക് ഇതുവരെ ലോക്സഭയിലേക്ക് കേരളത്തിൾ നിന്ന് ഒരു അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. നിയമസഭയില്‍ തുടങ്ങിയ ഒരു അക്കൗണ്ട് പണ്ടേ പൂട്ടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മോദിയുടെ വരവ് കേരളത്തിൽ ചലങ്ങളൊന്നും സൃഷ്ട്ടിക്കില്ല.

അന്വേഷണ ഏജന്‍സികളെ ഉപകരണമാക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യത്തെ അപകടത്തിലാക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ദൂരദര്‍ശനെ പോലും രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിച്ചു. കേരള സ്‌റ്റോറി പോലൊരു കേരള വിരുദ്ധ സ്‌റ്റോറി തിരഞ്ഞെടുപ്പ് കാലത്ത് പ്രദര്‍ശിപ്പിച്ച് ദൂരദര്‍ശിനെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ബിജെപി ഉപയോഗിക്കുകയാണെന്ന് പി രാജീവ് പറഞ്ഞു.

ലൗവ് ജിഹാദ് എന്നൊന്നില്ലെന്ന് പാർലമെന്റ് വ്യക്തമാക്കിയതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇല്ലാത്ത ഒരു ആശയത്തെ കൂട്ടുപിടിച്ച് വർഗീയത പടർത്തുകയാണ് കേരളാ സ്റ്റോറിയിലൂടെ ചെയ്യുന്നത്. കോണ്‍ഗ്രസ് പണ്ട് ദൂരദർശനിൽ രാമായണം പോലുള്ളവ സംപ്രേഷണം ചെയ്ത് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനം തീവ്ര ഹിന്ദുത്വക്കാര്‍ അവസരമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോൺഗ്രസ് ബിജെപി മനസുള്ള കോൺഗ്രസായി മാറികൊണ്ടിരിക്കുകയാണ്. സ്ഥാനാർഥി നിർണയത്തിലും ഇത് വ്യക്തമാണ്. ലോക്സഭയിൽ ബിജെപിയിൽ നിന്ന് ഒരു മുസ്ലിം നാമധാരി പോലുമില്ല, അത് മനസിലാക്കാൻ കോൺഗ്രസിനും സാധിക്കുന്നില്ല. ബിജെപിയുടെ നാവ് ആയി കോൺഗ്രസ് മാറി. ലീഗ് അധികാരങ്ങൾക്കു വേണ്ടി കോൺഗ്രസിനോട് അമിത വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

എറണാകുളത്ത് കഴിഞ്ഞ തവണ ആള്‍ക്കാര്‍ക്ക് ഒരു അബദ്ധം പറ്റി, അത് തിരുത്താനുള്ള അവസരമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. കൊച്ചിക്കാര്‍ക്ക് കഴിഞ്ഞ തവണ ഒരു അബദ്ധം പറ്റി, അത് തിരുത്താനുള്ള അവസരം. അപ്പപ്പോള്‍ ഉരുണ്ടുകൂടുന്ന രാഷ്ട്രീയമാണ് വിജയം നിര്‍ണയിക്കുകയെന്നും രാഷ്ട്രീയത്തിൽ ദാവീദുമില്ല, ഗോലിയത്തുമില്ല. രാഷ്ട്രീയത്തിന് അനുസരിച്ച് മത്സരം മാറുമെന്നും പി രാജീവ് പറഞ്ഞു.