ദുരിതാശ്വാസനിധി തട്ടിപ്പ് : വിജിലന്‍സിന്റെ പുതിയ പ്രോട്ടോകോള്‍, അപേക്ഷകളില്‍ നേരിട്ടുള്ള പരിശോധന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ സാമ്പത്തികത്തട്ടിപ്പ് തടയുന്നതിനായി പുതിയ മാര്‍നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് . അപേക്ഷ സര്‍ക്കാരില്‍ എത്തുംമുമ്പുതന്നെ അപേക്ഷകരുടെ അര്‍ഹത ബോധ്യപ്പെടുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.

ഓരോ അപേക്ഷയെപ്പറ്റിയും വ്യക്തിഗതമായ പരിശോധന . വില്ലേജ് ഓഫീസില്‍നിന്നുതന്നെ ഇത് ചെയ്യണം. പരിശോധനകളുടെ മേല്‍നോട്ടത്തിനും നടത്തിപ്പിനും കളക്ടറേറ്റുകളില്‍ സ്ഥിരം സംവിധാനം ഉണ്ടാകണം. ആറുമാസംകൂടുമ്പോള്‍ ഓഡിറ്റിങ്ങും ഏര്‍പ്പെടുത്തണം. റവന്യൂവകുപ്പിനാകും ഇതിന്റെ ചുമതല.

അപേക്ഷകളുടെ ബാഹുല്യം കാരണം അപേക്ഷകനെ നേരില്‍ക്കണ്ടുള്ള പരിശോധന കുറവാണ്. പ്രാദേശിക രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യുകയാണ് പതിവ്.

നിബന്ധനകളുടെ നൂലാമാലകളില്‍പ്പെട്ട് അര്‍ഹര്‍ക്ക് സമയത്തിന് സഹായം ലഭിക്കാത്ത സ്ഥിതിയുണ്ടാകരുതെന്ന കാര്യവും കണക്കിലെടുക്കും. വ്യവസ്ഥകള്‍ കര്‍ശനമാക്കിയാല്‍ ഉദ്യോഗസ്ഥര്‍ നൂലാമാലകള്‍ പറഞ്ഞ് സഹായം നിഷേധിക്കുന്ന സാഹചര്യമുണ്ടാകാം. ഇത് കണക്കിലെടുത്താണ് അപേക്ഷകനെ നേരില്‍ക്കണ്ടുകൊണ്ടുള്ള ഫീല്‍ഡ് പരിശോധന അര്‍ഹതയുടെ അടിസ്ഥാനത്തിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കും.