പി.എസ്‍.സിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്; തീരുമാനമില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം

പി എസ് സി ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും പി എസ് സിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്
ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും പി എസ് സി ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 29- നാണ് പി‍ എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്കാരിക നായകർ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീർക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയർമാനുമായി ചർച്ച നടത്തുന്നത്.