പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല; ചിലരുടെ പേര് വിട്ടുകളഞ്ഞതാണ്, വിമര്‍ശിക്കുന്നവര്‍ക്ക് ചരിത്രം അറിയില്ലെന്ന് പിണറായി

ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ച സി.പി.ഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. താന്‍ എന്തോ അപരാധം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണമെന്ന് കണ്ണൂരില്‍ അഖിലേന്ത്യ കര്‍ഷകതൊഴിലാളി യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. പ്രസംഗിച്ചത് തന്റെ ഔചിത്യ ബോധം അനുസരിച്ചാണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തായിരുന്നു നമ്മുടെ നാട്, എങ്ങനെയാണ് ഇന്ന് കാണുന്ന, നമുക്കെല്ലാം അഭിമാനിക്കാന്‍ പറ്റുന്ന തരത്തിലായി അത് മാറിയത്, ആ ചരിത്രം സാവകാശം ഇരുന്ന് വായിച്ചു പഠിച്ചു മനസ്സിലാക്കിയാല്‍ അത്തരമൊരു ആക്ഷേപം ഉന്നയിക്കാനെ കഴിയില്ലെന്നു മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

“ആ യോഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയ തോതില്‍ പറഞ്ഞില്ല. കാരണം അതൊരു ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും പങ്കെടുത്ത പരിപാടി. ഇഎംഎസും ഗൗരിവയമ്മയും എല്ലാം എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അതെന്റെ ഔചിത്യബോധം. ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ സംസാരിക്കണ്ട എന്ന് കരുതിയാണ്. അത് മനസ്സിലാക്കണമെങ്കില്‍ അതിനുള്ള വിവേകം ഇത് പ്രചരിപ്പിച്ചവര്‍ക്ക് ഉണ്ടാകണമായിരുന്നു. അതില്ലെങ്കില്‍ പരിതപിച്ചിട്ടേ കാര്യമുള്ളു.

പിന്നെ, മറ്റു ചിലരെ ഞാന്‍ വിട്ടുകളഞ്ഞു എന്നാണ്. അതും ശരിയാണ്. അവരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല. 1959ല്‍ ഇഎംഎസ് സര്‍ക്കാരാണ് കാര്‍ഷികബദ്ധ ബില്ല് പാസാക്കിയത്. അടുത്ത നാളുകളില്‍ ആ സര്‍ക്കാരിനെ പിരിച്ചുവിട്ട തീയതിയും മാസവും വര്‍ഷവും എല്ലാം ഞാന്‍ പറഞ്ഞു. അതിന് ശേഷം ഇവിടെ ഗവണ്‍മെന്റുകളുണ്ടായി. 1967ന് മുമ്പുള്ള ഗവണ്‍മെന്റുകളില്‍ അന്നത്തെ കാര്‍ഷികബദ്ധബില്ല് തകര്‍ക്കുന്നവര്‍ക്ക് നേതൃത്വം കൊടുത്തുവരുടെ ചരിത്രത്തിലേക്ക് ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഞാന്‍ പോയില്ല. കാരണം, നേരത്തെ പറഞ്ഞതുതന്നെ”- പിണറായി കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ചടങ്ങില്‍ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നത് മനപൂര്‍വമാണെന്ന് സി.പി.ഐ മുഖപത്രം വിമര്‍ശിക്കുകയുണ്ടായി. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാത്ത നിലപാട് ഇടത് രാഷ്ട്രീയത്തിന് ഭൂഷണമല്ല. അച്യുതമേനോന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയതാണ് ഭൂപരിഷ്‌കരണ നിയമമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗം വിമര്‍ശിച്ചു.