പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ സംഘര്‍ഷം

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍ നടന്ന പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കല്‍പ്പറ്റ കനറാ ബാങ്ക് പരിസരത്ത് നിന്നും ഡിസിസി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിച്ച് അല്‍പദൂരം പിന്നിട്ട ശേഷമാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ടി. സിദ്ദിഖ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് ഇത് തടഞ്ഞത്.

പിന്നീട് പ്രതിഷേധ യോഗത്തിന് ശേഷം പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ടി. സിദ്ദീഖിന്റെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പി.പി ആലിയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

യാതൊരു പ്രകോപനവുമില്ലാതെ തന്നെ തള്ളിവിട്ടുവെന്നും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ ബലമായി കോളറില്‍ പിടിച്ച് മര്‍ദിച്ചുവെന്നും സാലി റാട്ടക്കൊല്ലി ആരോപിച്ചു.

എന്നാല്‍ സാലി റാട്ടക്കൊല്ലി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പേര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതാപ് കല്‍പ്പറ്റ, സെക്രട്ടറി എം.കെ ഫെബിന്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.