കര്‍ണാടകയില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും.

2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത്. മൈസൂരു താലൂക്കില്‍ പെടുന്ന വരുണ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണ്.

2008, 2013 വര്‍ഷങ്ങളില്‍ വരുണയില്‍ നിന്ന് സിദ്ധരാമയ്യ വിജയിച്ചിരുന്നു. പിന്നീട്, 2018ല്‍ മണ്ഡലം മകന് വേണ്ടി ഒഴിഞ്ഞു കൊടുത്തു. 2018 സിദ്ധരാമയ്യ ബദാമിയിലാണ് മത്സരിച്ചത്. ഇത്തവണ വരുണയ്‌ക്കൊപ്പം ബദാമിയില്‍ നിന്നും സിദ്ധരാമയ്യ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബദാമിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പ ദേവനഹള്ളിയില്‍ സ്ഥാനാര്‍ഥിയായി ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ നിന്ന് മത്സരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിത്താപുറില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തു വന്നത്.

224 അംഗ കര്‍ണാടക നിയമസഭയുടെ നിലവിലെ കാലാവധി മെയ് 23 ഓടെ അവസാനിക്കും. അതിന് മുമ്പായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താവുന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത.