ചാലക്കുടി നഗരസഭയ്ക്ക് അപ്രതീക്ഷിത സമ്മാനം; ഒറ്റയടിക്ക് 28 കോടി കോടതിയില്‍ അടച്ച് സിയാല്‍!

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സ്ഥലം എടുത്തതുമായി ബന്ധപ്പെട്ട് കോടതി വിധി മാനിച്ച് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). ഒറ്റയടിക്ക് 28 കോടി രൂപയാണ് സിയാല്‍ കോടതിയില്‍ അടച്ചത്. ഇതോടെ ചാലക്കുടി നഗരസഭ റെവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവായി.

സര്‍ക്കാരിന് നല്‍കാനുള്ള ലാഭവിഹിതമായ 55 കോടി രൂപയില്‍ നിന്നാണ് സിയാല്‍ തുക കോടതിയില്‍ 28 കോടി അടച്ചത്. കേസ് നടപടികള്‍ നാളെ നടക്കാനിരിക്കെയാണ് സിയാലിന്റെ അപ്രതീക്ഷിത നീക്കം.

റെവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കാന്‍ ഗഡുക്കളായി 70 ലക്ഷം രൂപ അടയ്ക്കാനായി നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ ഇരിങ്ങാലക്കുട സബ് കോടതിയില്‍ എത്തിയപ്പോഴാണ് തുക പൂര്‍ണമായും അടച്ചുതീര്‍ത്തെന്ന വിവരം ലഭിച്ചത്.

സ്റ്റേഡിയത്തിന് രണ്ടര ഏക്കര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഭൂമിയുടെ വിലയും പലിശയും അടക്കം 28 കോടിയോളം രൂപ വെള്ളാനിക്കാരന്‍ ഗില്ലി, വെള്ളാനിക്കാരന്‍ സണ്ണി എന്നിവര്‍ക്ക് നഗരസഭ നല്‍കാനുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ 18 കോടി അടയ്ക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ഇതിന്റെ പലിശ അടക്കമാണ് 28 കോടിയായത്. തുടര്‍ന്ന് തുക അടയ്ക്കാത്തതിനാല്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. സ്ഥലമെടുപ്പില്‍ നഗരസഭയ്‌ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ ഭൂമിയുടെ വില സര്‍ക്കാരിന്റെ മറ്റു സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

അങ്ങനെയാണ് സര്‍ക്കാരിന് ഓഹരിപങ്കാളിത്തമുള്ള സിയാലിനെതിരെ റവന്യൂ റിക്കവറി നടപടികള്‍ക്ക് കോടതി ഉത്തരവായത്. വന്‍ കടബാധ്യത അടച്ചു തീര്‍ക്കാനായി 29 കോടി രൂപ ബാങ്ക് വായ്പ എടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി നേടി മുന്നോട്ടു പോകുകയായിരുന്നു നഗരസഭ.