മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഉപേക്ഷിച്ച് പള്ളി കമ്മിറ്റി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

പള്ളിക്കമ്മിറ്റി ഉപേക്ഷിച്ച മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവ് നല്‍കിയത്. നടപടി സ്വീകരിച്ചതിന് ശേഷം പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പുതുപ്പാടി സ്വദേശിയായ ഒ.കെ ഹംസയെയാണ് പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയ്റ്റിംഗ് ഷെഡിലാണ് വയോധികന്‍ അഭയം തേടിയത്. സംഭവത്തെ കുറിച്ച് പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി. രോഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ അദ്ദേഹം ഹംസയെ സംരക്ഷിക്കുന്നതിനായി 5 സെന്റ് സ്ഥലം പള്ളിക്കമ്മിറ്റിയുടെ പേരില്‍ എഴുതി നല്‍കിയിരുന്നു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഹംസയ്ക്ക് വീടും നിര്‍മ്മിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഹംസയെ പള്ളിക്കമ്മിറ്റി അദ്ദേഹത്തെ ഉപേക്ഷിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

ഹംസയ്ക്ക് പള്ളി കാന്റീനില്‍ നിന്നും ഭക്ഷണം നല്‍കാറില്ലെന്നും അദ്ദേഹം ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതില്‍ പള്ളിക്കമ്മിറ്റിക്ക് എതിരെ നടപടി എടുക്കണമെന്നാണ് പ്രദേശവാസി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.