'ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു, പിന്നിൽ സംഘപരിവാർ ശക്തികൾ'; മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി എന്നും കൂട്ടിച്ചേർത്തു. അക്രമത്തിനെതിരെയായാണ് കടുത്ത പ്രതിഷേധമുയരുന്നത്. മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽപൂരിൽ സംഘര്‍ഷമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more