പെണ്‍സുഹൃത്തുമായി നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടി റൈഡര്‍; വീട്ടിലെത്തി കേസെടുത്ത് എം.വി.ഡി

പെണ്‍സുഹൃത്തുമായി നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത ബൈക്കില്‍ കറങ്ങിയ കുട്ടി ഡ്രൈവര്‍ക്കെതിരെ വീട്ടിലെത്തി കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കുട്ടമശ്ശേരി സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലുവയിലെ വാഹന പരിശോധനക്കിടയിലാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധിക്കാനായി പൊലീസ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. ബൈക്ക് ഓടിച്ച ആളെ കണ്ടെത്തി വീട്ടില്‍ ചെന്ന് കേസെടുക്കുകയായിരുന്നു. മൂന്ന് കേസുകളാണ് എടുത്തത്. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനുമാണ് കേസുകള്‍.

ബൈക്കില്‍ രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് അധികൃതര്‍ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ബൈക്ക് താന്‍ വിറ്റതാണെന്ന് അറിയിച്ച് അയാള്‍ പുതിയ ഉടമയുടെ നമ്പര്‍ നല്‍കി. വാഹനം നാല് പേരുടെ കൈമറിഞ്ഞിരുന്നു. എന്നിട്ടും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. തുടര്‍ന്ന് 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തുകയും അതിലൂടെ വാഹന വില്‍പ്പന നടത്തിയ ഇടനിലക്കാരനെ കണ്ടെത്തി നിലവിലെ ഉടമയെ കണ്ടെത്തുകയായിരുന്നു.

നിലവിലെ ഉടമയുടെ അനുജന്റെ സുഹൃത്താണ് ബൈക്കുമായി കറങ്ങിയിരുന്നത്. വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡിലെ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദിപു പോള്‍, ടി.എ. സമീര്‍ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.