ഭൂമി കണ്ടെത്തിയിട്ടും എയിംസ് തന്നില്ല, അതിവേഗ റെയിലില്ല, ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല; കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് എയിംസ് നല്‍കുന്നതില്‍ കേന്ദ്രം മൗനം തുടരുകയാണെന്നും ഭൂമി കണ്ടെത്തിയിട്ടും എയിംസ് നല്‍കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചത്.

കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്.കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും കേന്ദ്രത്തിന്റെ പരിഗണന കിട്ടിയില്ല. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ് രാജ്യത്തിന് തല ഉയര്‍ത്തി നില്‍ക്കാനാവുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അന്തസ്സിന് ലോക സമൂഹത്തിന് മുന്നില്‍ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും പിണറായി വിജയന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തി. ജനാധിപത്യ മൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണിതെന്നും ലോകത്തിന് മുമ്പില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങള്‍ക്ക് അതീതമായ പരിഗണന നല്‍കണമെന്നും സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.