കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹി ക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ബാങ്കു വഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ മാറണം. ബാങ്കില്‍ നിന്ന് മാറി നില്‍ക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എന്നാല്‍ മലപ്പുറം ബാങ്കും ചില പ്രാഥമിക സഹകരണസംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചു. കേസുകള്‍ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി ധന റിസോഴ്‌സ് സെക്രട്ടറി സംസ്ഥാന സഹകരണബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാലഭരണസമിതിക്കായിരിക്കും ഇനി ഭരണം.