ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ തനിക്കല്ലാതെ ആര്‍ക്കാണിത്ര താല്‍പ്പര്യം; ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖ ഉണ്ടാക്കി; തുറന്നടിച്ച് ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഇവിടെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. ചിലര്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു. കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്നും അദേഹം ചോദിച്ചു. പലതും പറയാനുണ്ട്. സമയമാകുമ്പോള്‍ പറയും. 2013 മുതല്‍ ആരംഭിച്ച വ്യാജ പ്രചാരണങ്ങളാണിതെന്നും ഏതെങ്കിലും ട്രീറ്റ്മെന്റ് എടുക്കുന്നുണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെ കൂടി തീരുമാനപ്രകാരമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ പിതാവാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തനിക്കല്ലാതെ ആര്‍ക്കാണിത്ര താല്‍പ്പര്യമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

‘പിതാവ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴും ഇത്തരം ക്യാംപെയ്നുകള്‍ തുടരുകയാണ്. ഈ പ്രായത്തിലുളള വ്യക്തിക്ക് ന്യൂമോണിയ വന്നാല്‍ അതിന്റെ ഇംപാക്ട് എന്താണെന്ന് ഓര്‍ത്തുനോക്കൂ. ഒരു ട്രീറ്റ്മെന്റ് നടത്തുന്നതിനോടും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷെ വ്യാജ വാര്‍ത്തകള്‍, വ്യാജ പ്രചരണങ്ങള്‍ പടച്ചുവിടുന്നത് ശരിയല്ല. ഇതുവരെ നടത്തിയ എല്ലാ ട്രീറ്റ്മെന്റുകളുടെയും റെക്കോര്‍ഡുകള്‍ എന്റെ പക്കലുണ്ട്. എന്തുകൊണ്ടാണ് ഏതൊക്കെ ട്രീറ്റ്മെന്റുകള്‍ എടുത്തതെന്ന് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. എന്റെ പാര്‍ട്ടി നേതൃത്വത്തെ ഞാന്‍ ബോധിപ്പിച്ചിട്ടുളള കാര്യമാണത്. അതുകൊണ്ടാണ് അച്ഛനെ ജര്‍മ്മനിയില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി സഹായം ചെയ്തതെന്നും അദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചു. എ.ഐ.സി.സി തയാറാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാകും ഉമ്മന്‍ ചാണ്ടിയെ മാറ്റുകയെന്ന് വേണുഗോപാല്‍ പറഞ്ഞു.