ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചു, വേണുഗോപാല്‍ ബി.ജെ.പി ചാരനെന്ന് വിളിച്ചു; പി.എസ് പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കി

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കി. നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി എസ് പ്രശാന്ത് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഡിസിസി അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാലോട് രവിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രശാന്ത് രാഹുല്‍ഗാന്ധിക്ക് ഇമെയില്‍ വഴി അയച്ച കത്തില്‍ ഹൈക്കമാന്‍ഡിനെ വരെ വെല്ലുവിളിച്ചതാണ് നേതൃത്വത്തെ ഇപ്പോള്‍ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും, ദേശീയ നേതൃത്വത്തെ അപമാനിച്ചുവെന്നുമാണ് പ്രശാന്തിനെതിരായ നടപടിക്ക് കാരണം. നേരത്തെ ഡിസിസി അദ്ധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ചതിന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്ന് ആറ് ദിവസത്തിനകം മറുപടി നല്‍കാനുള്ള സമയം അനുവദിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് പ്രശാന്ത് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ബിജെപി ചാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതും, ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതും. ഇതോടെ സസപെന്‍ഷനിലായിരുന്ന പ്രാന്തിനെ പാര്‍ട്ടിയില്‍ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. വിമത ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഡിസിസി അദ്ധ്യക്ഷ പട്ടിയികയിലെ എതിര്‍പ്പ് പരസ്യ നിലപാടായി സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ദേശീയ നേതൃത്വത്തിന്റെ കൂടി പിന്തും കെപിസിസിക്കുണ്ട്.

അതേസമയം പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടതിന് പിന്നാലെ പി എസ് പ്രശാന്തും നാളെ മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. താന്‍ പ്രതീക്ഷിച്ച നടപടിയെന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം.