മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഹമ്മദ് റിയാസ്, ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഇപി ജയരാജൻ; വീണയ്‌ക്കെതിരായ അന്വേഷണത്തിൽ സിപിഎം നേതാക്കൾ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ സിപിഎം നേതാക്കൾ. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പൊതുമരാമത്ത് മന്ത്രിയും വീണാ വിജയന്റെ ഭർത്താവുമായ പിഎ മുഹമ്മദ് റിയാസ് ഒഴിഞ്ഞു മാറിയപ്പോൾ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രതികരണം.

എക്‌സാലോജികിനെതിരായ അന്വേഷണം അറിയില്ല. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി എകെ ബാലനും ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കൾ.

എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളിൽ അന്തിമ അന്തിമ റിപ്പോർട്ട് നൽകണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.