ഇടതുപക്ഷം പലസ്തീനൊപ്പം, ഭീകരരായി ചിത്രീകരിക്കുന്നത് മനുഷ്യത്വരഹിതം; കേന്ദ്രവും ബിജെപിയും ഇസ്രയേലിനൊപ്പം; കുരുതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന സംഘപരിവാറും ഇസ്രയേലിലെ സിയോണിസ്റ്റുകളും വംശ ഉന്മൂലനാധിഷ്ഠിത സിദ്ധാന്തമായ നാസിസത്തിന്റെ സാഹോദര്യത്തില്‍ ബന്ധിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൊണ്ടാണ് കേന്ദ്രഭരണം ഇസ്രയേല്‍ പക്ഷപാതിത്വം തുടരുന്നതെന്നും അദേഹം പറഞ്ഞു. സ്വാതന്ത്ര്യസംരക്ഷണത്തിനായി പോരാടുന്ന പലസ്തീനികളെ ഭീകരരായി ചിത്രീകരിക്കുന്നത് മനുഷ്യത്വരഹിതമാണ്.

മനഃസാക്ഷിയുള്ള ഇന്ത്യന്‍ ജനത ജന്മനാടിന്വേണ്ടി പൊരുതിമരിക്കുന്ന പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ഇടതുപക്ഷം ഇന്നലെയും ഇന്നും പലസ്തീനൊപ്പമാണ്. നാളെയും അതാണ് നിലപാട്.

പലസ്തീനികളെ ഭീകരരെന്ന് വിളിക്കുന്നത് ഇസ്രയേലിനെ പിന്താങ്ങുന്നതിന്റെ ഭാഗമാണ്. ഇന്ത്യന്‍ ജനതയുടെ വികാരമല്ല ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഈ ഇസ്രയേല്‍ ദാസ്യം രാജ്യത്തിന്റേതല്ലെന്ന് വിളിച്ചുപറയുകയാണ് ഇത്തരം റാലികള്‍.

ഇന്ത്യന്‍ ഖജനാവില്‍നിന്നൊഴുകുന്ന കോടാനുകോടി രൂപയാണ് പലസ്തീനികളെ കൊന്നൊടുക്കാനുളള വെടിമരുന്നായി മാറുന്നത്. ഇതിനാണോ ഇന്ത്യയിലെ പാവപ്പെട്ടവര്‍ സര്‍ക്കാരിന് നികുതിനല്‍കുന്നത്. നമ്മുടെ പണത്താല്‍ പലസ്തീനിലെ കുഞ്ഞുങ്ങള്‍ കുരുതികഴിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അതിന് ഇസ്രയേലുമായുള്ള എല്ലാ സൈനിക കരാറും കേന്ദ്രം റദ്ദാക്കണം.