ആഘോഷ പരിപാടികൾ ഒഴിവാക്കി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുറത്ത് ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾക്ക് ഇന്ന് തിരിതെളിയും. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് അനന്തപുരിയിൽ തുടക്കമാവും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാകും ഇത്തവണ ചലച്ചിത്രോത്സവം നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.

ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചാകും മേള ആരംഭിക്കുക. എട്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ ആകെ 190 സിനിമകളുണ്ട്. മേളക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു.

ഉദ്ഘാടന ചിത്രമായ “ദി ഇൻസൾട്ട്” ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ബംഗാളി നടി മാധവി മുഖർജി, പ്രകാശ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കടുക്കും. 16 സിനിമകളാണ് ആദ്യ ദിവസം ,മേളയിൽ പ്രദർശനത്തിനെത്തുന്നത്.