പെരിയയിൽ സി.ബി.ഐ സംഘം;  ഇരട്ടക്കൊലപാതകത്തിന്‍റെ പുനരാവിഷ്കാരം നടത്തി

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ സംഘം പെരിയയിൽ എത്തി. കൊലപാതകം നടന്ന സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം സ്ഥലം വിശദമായി പരിശോധിച്ചു. ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ്റെ സഹോദരനോടും നാട്ടുകാരോടും എല്ലാം വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതകത്തിന്‍റെ പുനരാവിഷ്കാരവും നടത്തി. ഏതാനും യുവാക്കളെ മുഖംമൂടി ധരിപ്പിച്ചാണ് സംഭവസ്ഥലത്ത്‌ സിബിഐ അക്രമം പുനരാവിഷ്കരിച്ചത്.

സി.ബി.ഐയുടെ  തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പെരിയയിലെത്തിയത്. 2019 ഫെബ്രുവരി 17-ന് കല്യോട്ട് നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഒളിച്ചിരുന്ന സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൃപേഷും ശരത് ലാലും വെട്ടേറ്റ് വീണ് കിടക്കുന്നത് കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത് ലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ ജീപ്പും സി.ബി.ഐ സംഭവ സ്ഥലത്തെത്തിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയെന്നത് സി.ബി.ഐയുടെ അന്വേഷണലക്ഷ്യങ്ങളിലൊന്നാണ്.