രോഗിയെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടറെ വിളിച്ചിറക്കിയ സംഭവത്തിൽ കേസെടുത്തു

രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വനിതാ ഡോക്ടറെ മെഡിക്കൽ ബന്ദിന്റെ ഭാഗമായി വിളിച്ചിറക്കിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് സംഭവത്തെപ്പറ്റി അന്വേക്ഷിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരുവന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. രോഗിയെ ചികിത്സിച്ചു കൊണ്ടിരുന്ന സമയത്ത് ഡോക്ടറോട് മറ്റൊരു ഡോക്ടര്‍ ബന്ദിന്റെ കാര്യം പറഞ്ഞ് പുറത്തേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ വരാമെന്നു പറഞ്ഞു വനിതാ ഡോക്ടര്‍ പരിശോധന തുടര്‍ന്നപ്പോഴാണ് ആദ്യം വന്ന ഡോക്ടറും മറ്റൊരു ഡോക്ടറും എത്തുന്നത്. അവര്‍ പരിശോധന നടത്തുകയായിരുന്ന ഡോക്ടറെ പിടിച്ചുകൊണ്ടുതന്നെ പുറത്തേക്കു പോവുകയായിരുന്നു. രോഗി പിന്നാലെ ചെന്ന് ചികിത്സിക്കാന്‍ അപേക്ഷിച്ചെങ്കിലും ഡ്യൂട്ടി ബഹിഷ്‌കരണത്തിന് സമയമായെന്ന മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മൂലം വനിത ഡോക്ടര്‍ ചികിത്സാക്കാതെ മടങ്ങുകയായിരുന്നു.

9 മുതല്‍ 10 വരെ ഓ.പിയില്‍ പണിമുടക്ക് മുന്‍കൂട്ടി പറഞ്ഞതാണെന്നും അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭ്യമായിരുന്നൂ എന്നുമായിരുന്നു ചികിത്സ നിഷേധത്തിന് ഐ.എം.എയുടെയും ആശുപത്രിയുടെയും വിശദീകരണം.