നടിയെ ആക്രമിച്ച കേസ്; 'എ ഡയറി' രഹസ്യരേഖയല്ല, വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയും ചെയ്തു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയിലെ എ ഡയറിയാണ് ചോര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ. എന്നാല്‍ ഇത് രഹസ്യരേഖയല്ലെന്ന് കോടതി അറിയിച്ചു. ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂഷന്‍ ചോദിക്കുകയും ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എഫ്എസ്എല്‍ ലാബിലേക്ക് പെന്‍ഡ്രൈവ് അയച്ചതിന്റെ രേഖയാണ് ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നതെന്നും പെന്‍ഡ്രൈവ് അയക്കുന്നതിന്റെ ചെലവ് പ്രതി തന്നെ വഹിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ മുഖേന ദിലീപിന് ലഭിച്ച രേഖയില്‍ അസ്വാഭാവികതയോ രേഖകള്‍ ചോര്‍ന്നതായോ കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രഹസ്യ രേഖ ചേര്‍ന്നിട്ട് ഉണ്ടെങ്കില്‍ അതിനായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്നും ഇപ്പോള്‍ നല്‍കിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.