മോട്ടോര്‍വാഹന വകുപ്പിന് കുടിവെള്ളം പോലും നല്‍കേണ്ടെന്ന് സി-ഡിറ്റ്; വ്യാഴാഴ്ച മുതല്‍ മോട്ടോര്‍വാഹന വകുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയേക്കും

സംസ്ഥാനത്തെ മോട്ടോര്‍വാഹന വകുപ്പിന് നല്‍കുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ താത്കാലികമായി നിറുത്തിവയ്ക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ്. കഴിഞ്ഞ അഞ്ച് മാസമായി സി-ഡിറ്റിന് നല്‍കേണ്ട പ്രവര്‍ത്തന തുക ഉള്‍പ്പെടെ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് സി-ഡിറ്റ് കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് മൂന്നുവര്‍ഷ കരാര്‍ 2021 ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നാലുവര്‍ഷത്തോളമായി സി-ഡിറ്റ് സേവനങ്ങള്‍ തുടരുകയായിരുന്നു.

മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സി-ഡിറ്റ് കര്‍ശന നടപടി കൈക്കൊണ്ടിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന് സാങ്കേതിക സേവനങ്ങള്‍ക്ക് പുറമേ കുടിവെള്ളവിതരണവും എ ഫോര്‍ പേപ്പറുകളുടെ വിതരണവും സി-ഡിറ്റ് ആണ് നിര്‍വഹിക്കുന്നത്.

ഇത്തരം വിവിധ സേവനങ്ങള്‍ക്കായി സി-ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സേവനങ്ങള്‍ വ്യാഴാഴ്ചയോടെ അവസാനിപ്പിക്കുമ്പോള്‍ സാങ്കേതിക തകരാറുകളുണ്ടായാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.