കുമ്മനവും സുരേന്ദ്രനും പട്ടികയില്‍; ബി.ജെ.പി സാധ്യത പട്ടിക ഡല്‍ഹിക്കയച്ചു, അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം

ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് ഉള്‍പ്പെടുത്തി ബി.ജെ.പി സാധ്യത പട്ടിക തയ്യാറാക്കി. അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സാധ്യത പട്ടികയാണ് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ തയ്യാറാക്കിയത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും. കോര്‍കമ്മിറ്റി യോഗത്തിന് ശേഷം എം.ടി രമേശാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

സ്ഥാനാര്‍ഥികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് എം.ടി രമേശ് വ്യക്തമാക്കി.

മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന കുമ്മനം രാജശേഖരന്റെ വ്യക്തിപരമായ വിയോജിപ്പ് കണക്കിലെടുക്കാതെ അദ്ദേഹത്തെയും സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വട്ടിയൂര്‍കാവില്‍ നിന്ന് മത്സരിക്കേണ്ടവരുടെ പട്ടികയില്‍ ഇദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. എറണാകുളത്ത് ബി. ഗോപാലകൃഷ്ണന്റെ പേരിനാണ് മുന്‍ഗണന.

വട്ടിയൂര്‍കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയസാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് ഉടന്‍ കൈമാറും. രണ്ടുദിവസത്തിനകം അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തില്‍ നിന്നുണ്ടാകും. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസിന്റെ പേരും സജീവമാണ്. എറണാകുളത്ത് സി.ജി. രാജഗോപാലിന്റെയും ബി. ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.