ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ട്. എന്നാല്‍ വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ പ്രോസിക്യൂഷന്റെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. പിന്നീട് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ നാലിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കുകയായിരുന്നു.