കേരളത്തിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു; കടുത്ത പ്രതിസന്ധിയിലെന്ന് പി.പി മുകുന്ദൻ

 

കേരളത്തിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നുവെന്നും സംസ്ഥാനത്ത് ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ. പല ജില്ലകളിലും പ്രവർത്തകർ പാർട്ടി വിടുകയാണ്. പ്രവർത്തകർ നിരാശരും നിസ്സംഗരും നിഷ്ക്രിയരുമായി മാറി. നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ലെന്നും പി.പി മുകുന്ദന്‍ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നു. ഇക്കാര്യം താൻ ആദ്യം മുതൽ തന്നെ പാർട്ടിയോട് പറഞ്ഞിരുന്നു. ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും മുകുന്ദന്‍ പറഞ്ഞു. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ-മെയില്‍ അയച്ചതെന്നും പത്രങ്ങളിൽ പ്രസിദ്ധീകരണത്തിന് നൽകിയതെന്നും പി.പി മുകുന്ദന്‍ വ്യക്തമാക്കി. ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ പറഞ്ഞു.

പാർട്ടിയിൽ വിഭാഗീയതയെക്കാൾ കൂടുതൽ മാനപ്പൊരുത്തം ഇല്ലായ്മയാണ് ഉള്ളത് ഐക്യത്തിന്റെ കുറവുണ്ട്. ഇത്തരത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് എല്ലാ പ്രവർത്തകർക്കും അറിയാം. ബി.ജെ.പിയിലേക്കുള്ള തിരിച്ചു വരവ് തടയാൻ വി മുരളീധരൻ ശ്രമിക്കുന്നതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞ പി.പി മുകുന്ദന്‍ ഓഫീസിൽ വിളിച്ചുവരുത്തി കുമ്മനം രാജശേഖരന്‍ അപമാനിച്ചെന്നും പറഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പി കടുത്ത പ്രതിസന്ധിയിൽ ആണെന്നും ദേശീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന നേതാവ് പി.പി മുകുന്ദൻ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംഘടന ഭാരവാഹികളുടെ ക്യാമ്പ് നടക്കുന്നതിനിടെയാണ് പി.പി മുകുന്ദൻ ഇത്തരത്തിൽ ഒരു കത്ത് നേതൃത്വത്തിന് അയച്ചത്.